രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 162 വർഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിൽ നിന്നായി 800 പേർ ജയിലിൽ കഴിയുന്നുണ്ട്.

രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തിൽ കേൾക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Related Posts