മേഘാലയ സമർപ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: മേഘാലയ സമർപ്പിച്ച ലോട്ടറി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങളെ ചോദ്യം ചെയ്താണ് മേഘാലയ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്നാണ് മേഘാലയയുടെ വാദം. സംസ്ഥാനങ്ങൾ ഫെഡറൽ തത്വങ്ങൾ പാലിച്ച് മുന്നോട്ട് പോകണമെന്ന് മേഘാലയ വാദിക്കുന്നു. ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംങ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംങ്വി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് മുന്‍പ് സിംങ്വിയോട് ലോട്ടറി കേസില്‍ ഹാജരാകേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ താന്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. പൊതുവികാരം മാനിച്ചാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു അന്നത്തെ പ്രതികരണം. ഇതിനെല്ലാം ശേഷമാണ് വീണ്ടും കേരളത്തിനെതിരെ അദ്ദേഹം ഹാജരാകുന്നത്. കേരളത്തിലെ ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2018ലാണ് സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഈ നിബന്ധനകളിൽ ഒന്നൊഴികെ ബാക്കിയെല്ലാം ഹൈക്കോടതി ശരിവച്ചു. എന്നാൽ അത്തരമൊരു നിയമം പാസാക്കാൻ പാർലമെന്‍റിന് മാത്രമേ അധികാരമുള്ളൂവെന്നാണ് മേഘാലയയുടെ നിലപാട്. ലോട്ടറി നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് സിംങ്വി സുപ്രീം കോടതിയിൽ വാദിക്കും.