നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമാണ് മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ്റെ ആവശ്യം. 2021 ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകിയതിനെ തുടർന്ന് കൗൺസിലിങ് ആരംഭിച്ചത് ഒക്ടോബറിലാണ്. എന്നാൽ സംവരണവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാൽ കൗൺസിലിങ് താൽക്കാലികമായി സുപ്രീം കോടതി നിർത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗൺസിലിങ് പുനരാരംഭിക്കാനായത്. മേയ് ഏഴിനാണ് കൗൺസിലിങ് പൂർത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാർഥികളുടെ പരാതി.മാത്രമല്ല കൊവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാർഥികൾക്കും ഇന്‍റേൺഷിപ്പ് പൂർത്തിയാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു. പരീക്ഷ തീയ്യതി അടുത്തിരിക്കുന്നതിനാൽ ഹർജി ആദ്യ കേസായി തന്നെ ഇന്ന് പരിഗണിക്കും.

Related Posts