മോഷ്ടാക്കളെ മണ്ണുമാന്തിയന്ത്രത്തിൽ കെട്ടിത്തൂക്കി താലിബാൻ
താലിബാൻ ഭീകരതയുടെ നേർക്കാഴ്ചകൾ വീണ്ടും. മോഷണക്കുറ്റം ചുമത്തിയവരെ മണ്ണുമാന്തി യന്ത്രത്തിൽ കെട്ടിത്തൂക്കി പൊതുസ്ഥലങ്ങളിൽ പ്രദർശനത്തിന് വെച്ച കാഴ്ച സൺ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് പുറത്തുവിട്ടത്. പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലെ പൊതുചത്വരത്തിലാണ് മൂന്ന് മോഷ്ടാക്കളെ മണ്ണുമാന്തി യന്ത്രത്തിൽ കെട്ടിത്തൂക്കി കൊന്നത്. ഒരു വീട്ടിനുളളിൽ കയറി മോഷണശ്രമം നടത്തുന്നതിനിടയിലാണ് കുറ്റവാളികളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി ഗവർണർ മൗലവി ഷിർ അഹമ്മദ് മുജാഹിറിനെ ഉദ്ധരിച്ച് 'ദി സൺ' റിപ്പോർട്ടു ചെയ്യുന്നു.
കഴിഞ്ഞയാഴ്ച 85 പേരാണ് വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ കാബൂളിൽ പിടിയിലായത്. പെറ്റി ക്കേസുകളാണ് കൂടുതലും. കുറ്റവാളികൾക്ക് കനത്ത ശിക്ഷയാണ് നൽകുന്നതെന്ന് താലിബാൻ ആൻ്റി ക്രൈം വിഭാഗം മേധാവി നൂർ അഹമ്മദ് റബ്ബാനി പറയുന്നു. കുറ്റവാളികളെ കൈവിലങ്ങണിയിച്ച് മുഖത്ത് ചായം തേച്ച് വായിൽ കേടായ റൊട്ടി തിരുകിക്കയറ്റി പൊതുനിരത്തുകളിലൂടെ നടത്തിക്കുന്നതായി കാബൂളിൽ നിന്നും റിപ്പോർട്ടുകളുണ്ട്. തൊണ്ണൂറുകളിൽ അധികാരത്തിൽ ആദ്യമായി എത്തിയപ്പോൾ ഉണ്ടായ ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിസ്താനിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
കൈവെട്ടലും കല്ലെറിഞ്ഞ് കൊല്ലലും വെടിവെച്ചു കൊല്ലലും ഉൾപ്പെടെയുള്ള പ്രാകൃതവും ഭീകരവുമായ ശിക്ഷാവിധികൾ അരങ്ങേറുന്നത് പൊതു സ്ഥലങ്ങളിലാണ്. പള്ളിയിൽ പ്രാർഥന മുടക്കിയതിനും താടി വെട്ടിയതിനുമുളള മതാചാര പൊലീസിന്റെ ദണ്ഡനങ്ങളും അരങ്ങേറുന്നതായി റിപ്പോർട്ടുകളുണ്ട്. മുടിയും താടിയും നീട്ടി വളർത്തി, പരമ്പരാഗത അഫ്ഗാൻ വേഷത്തിൽ കലാഷ്നിക്കോവ് തോക്കുകളേന്തി പൊതുസ്ഥലങ്ങളിൽ റോന്ത് ചുറ്റുന്ന താലിബാൻകാരുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.