സ്ത്രീകൾ അഭിനയിക്കുന്ന പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ

വനിതാ അഭിനേതാക്കളെ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് താലിബാൻ. ഇടക്കാല സർക്കാർ അധികാരമേറ്റശേഷം അഫ്ഗാനിസ്താനിലെ മാധ്യമങ്ങൾക്ക് നൽകിയ ആദ്യ നിർദേശത്തിൽ, വാർത്തകൾ വായിക്കുന്ന വനിതകൾ ഹിജാബ് നിർബന്ധമായും ധരിക്കണമെന്നും ആഹ്വാനം ചെയ്തു.

ഇസ്ലാമിക മൂല്യങ്ങൾക്കും രാജ്യത്തിന്റെ പരമ്പരാഗത സദാചാര സങ്കൽപങ്ങൾക്കും വിരുദ്ധമായ സിനിമകളോ പരിപാടികളോ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്നും സദാചാര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളിലുണ്ട്.

പ്രവാചകൻ മുഹമ്മദിനെയോ മറ്റ് ആദരണീയ വ്യക്തിത്വങ്ങളേയോ ചിത്രീകരിക്കുന്ന സിനിമകളോ പരിപാടികളോ അവതരിപ്പിക്കരുതെന്നും മന്ത്രാലയം മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങളല്ല, മറിച്ച് മതപരമായ മാർഗനിർദേശങ്ങളാണ് നൽകിയതെന്ന് മന്ത്രാലയ വക്താവ് ഹക്കിഫ് മൊഹാജിർ പറഞ്ഞു. ഇന്നലെ വൈകീട്ടു മുതലാണ് മാധ്യമങ്ങൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

Related Posts