'തമിഴ് തായ് വാഴ്ത്ത് ' സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

'തമിഴ് തായ് വാഴ്ത്ത് ' സംസ്ഥാന ഗാനമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും എല്ലാ പൊതുപരിപാടികളിലും 'തമിഴ് തായ് വാഴ്ത്ത് ' ആലപിക്കണം. തായ് തമിഴ് സ്തുതിയാണ് തമിഴ് തായ് വാഴ്ത്ത്.

സ്‌കൂൾ, കോളെജ്, സർവകലാശാല, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളുടെയും തുടക്കത്തിൽ സംസ്ഥാന ഗാനം ആലപിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാന ഗാനം ആലപിക്കുമ്പോൾ ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിലുണ്ട്.

തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർഥനാ ഗാനം മാത്രമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്. പ്രാർഥനാ ഗാനം ചൊല്ലുമ്പോൾ

പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർ എഴുന്നേറ്റ് നിൽക്കണമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തമിഴ് തായ് വാഴ്ത്ത് ദേശീയഗാനമല്ലെന്നും അതിനാൽ അത് ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്നും കോടതി വിധിയിൽ പറഞ്ഞിരുന്നു.

ഐഐടി മദ്രാസിൻ്റെ ഈ വർഷത്തെ ബിരുദദാന വേളയിൽ തമിഴ് തായ് വാഴ്ത്ത് ആലപിക്കാത്തത് വിവാദമായിരുന്നു. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്തയച്ചിരുന്നു.

Related Posts