അരങ്ങേറ്റ നൃത്തം കണ്ട് കൊതിച്ചു; ഹാർത്തിയെ നൃത്തം പഠിപ്പിക്കാൻ അധ്യാപിക എത്തുന്നു
ഗുരുവായൂർ : ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തന്റെ പ്രായമുള്ള കുട്ടികളുടെ നൃത്താരങ്ങേറ്റം ഇമചിമ്മാതെ നോക്കിനിന്ന 12വയസ്സുകാരി നാടോടി ബാലികയെ സൗജന്യമായി നൃത്തം പഠിപ്പിക്കുമെന്ന് അറിയിച്ച് നർത്തകിയും, നൃത്ത അധ്യാപികയുമായ അരുണ കെ മാരാർ. ക്ഷേത്രത്തിന് സമീപം മാലയും, റിബ്ബണും വിറ്റിരുന്ന രാജസ്ഥാൻ സ്വദേശികളായ സമയ്-പിങ്കി ദമ്പതികളുടെ മകൾ ഹാർത്തി, വേദിയുടെ കൈവരിയിൽ പിടിച്ച് നിന്ന് നൃത്തം അതിന്റെ എല്ലാ രസ ഭാവങ്ങളോടും കൂടെ ആസ്വദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മുഷിഞ്ഞ വസ്ത്രമായിരുന്നതിനാൽ വേദിയിൽ ഇരിക്കാതെ മാറി നിൽക്കുകയായിരുന്നു ഹാർത്തി. എന്നാൽ ഇതിനോടകം അവർ രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു. നൃത്തത്തോടുള്ള കുട്ടിയുടെ ഇഷ്ടം വീഡിയോയിൽ നിന്ന് വ്യക്തമാണെന്ന് പറഞ്ഞ അരുണ കെ മാരാർ, ഹാർത്തിയെ നൃത്തത്തിന്റെ ഏതറ്റം വരെയും സൗജന്യമായി പഠിപ്പിക്കാൻ തയ്യാറാണെന്നും അറിയിച്ചു. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി ശിഷ്യരുള്ള അധ്യാപികയാണ് അവർ. ഹാർത്തിയും കുടുംബവും ഉടനെ ഗുരുവായൂരിലേക്ക് തിരിച്ചെത്തും.