കാശില്ലെങ്കിൽ വീട് ലോക്ക് ചെയ്യേണ്ട കാര്യമുണ്ടോ, കളക്ടർക്ക് കള്ളൻമാരുടെ കത്ത്
കക്കാൻ കേറി പ്രതീക്ഷിച്ച കോള് കിട്ടാതെ വന്നപ്പോൾ നിരാശരായ കള്ളൻമാർ സ്ഥലംവിട്ടത് കളക്ടർക്ക് കത്തെഴുതിവെച്ച്. മധ്യപ്രദേശിലാണ് കൗതുകകരമായ സംഭവം നടന്നത്. കാശില്ലെങ്കിൽ വീട് ലോക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നു എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ദേവാസിലെ ഡെപ്യൂട്ടി കളക്ടറായ ത്രിലോചൻ ഗൗറിന്റെ ഔദ്യോഗിക വസതിയിലാണ് മോഷണം നടന്നത്. സംഭവം നടക്കുമ്പോൾ ഡെപ്യൂട്ടി കളക്ടർ സ്ഥലത്തില്ലായിരുന്നു. പൊലീസ് സൂപ്രണ്ടിന്റെ യും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ യും ഉൾപ്പെടെ ഔദ്യോഗിക വസതികൾ സ്ഥിതി ചെയ്യുന്ന അതി സുരക്ഷാ മേഖലയിലാണ് മോഷ്ടാക്കൾ കയറിയതും കളക്ടറെ പരിഹസിക്കുന്ന കത്തെഴുതിവെച്ച് കടന്നുകളഞ്ഞതും.
മുപ്പതിനായിരം രൂപയും ഏതാനും വെള്ളി ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായി കളക്ടർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കള്ളൻമാർ എഴുതിവെച്ച കത്തും കൈമാറിയിട്ടുണ്ട്.