രുചിഭേദങ്ങളിൽ സംരംഭത്വമുറപ്പിച്ച് വ്യവസായ വകുപ്പിന്റെ 'പുതു റസിപ്പി'

തൃശൂർ: ഭക്ഷ്യ വിഭവങ്ങളിൽ വൈവിദ്ധ്യം തേടുന്നവരിലെ സംരംഭകത്വ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടി വിഭവ സമൃദ്ധമായി സമാപിച്ചു.

പരിശീലനത്തിന്റെ സമാപന ചടങ്ങിൽ പരിശീലനാർത്ഥികൾ തയ്യാറാക്കിയ ഭക്ഷ്യോൽപന്നങ്ങളുടെ പ്രദർശനവും അരങ്ങേറി. അഗ്രോ ഫുഡ്‌ വിഭവ നിർമ്മാണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ചത്.

കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ വൈവിദ്ധ്യം കണ്ടെത്താനും ക്ലാസിൽ പരിശീലനം നൽകി. ബേക്കറി ഉൽപ്പന്ന നിർമ്മാണ മേഖലയിൽ പുതിയ അറിവുകൾ നേടി 27 പഠിതാക്കളാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയത്.

യുവസംരംഭകർക്ക് ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ മാനേജ്മെന്റ് വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യകളും പകർന്നു നൽകുന്നതിനോടൊപ്പം, അവരെ പ്രായോഗികതലത്തിൽ പ്രാപ്തരാക്കാനും പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജോയിൻ ഡയറക്ടർ ഡോ.കെ എസ് കൃപകുമാറിന്റെ ഏകോപനത്തിൽ ആയിരുന്നു പരിശീലനം.

'ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ 'സ്റ്റാർട്ട് ആന്റ് ഇംപ്രൂവ് യുവർ ബിസിനസ്' എന്ന മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിനൊപ്പം ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലുള്ള പ്രായോഗിക ക്ലാസുകളും ഉൾപ്പെടുത്തിയായിരുന്നു പരിശീലനം. നവംബർ 10ന് ആരംഭിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ സർട്ടിഫൈഡ് പരിശീലകൻ ഐസക് സിംഗിന്റെ നേതൃത്വത്തിലായിരുന്നു മാനേജ്മെന്റ് രംഗത്തെ ക്ലാസുകൾ. ബേക്കറി വിഭവ നിർമ്മാണത്തിലെ നൈപുണ്യ വികസനത്തിന് ക്ലാസുകൾ നൽകിയത് 'ഏക് സാത്' എന്ന ട്രെയിനിങ് ഏജൻസിയാണ്.

Related Posts