നോയിഡയിലെ ഇരട്ട ടവറുകൾ ഇന്ന് നിലം പൊത്തും

നോയിഡ: മരട് ഫ്ലാറ്റിന്‍റെ മാതൃകയിൽ നോയിഡയിലെ ഇരട്ട ടവറുകൾ ഇന്ന് പൊളിക്കും. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഇരട്ടടവറുകൾ. ഉച്ചയ്ക്ക് 2.30നാണ് കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള പ്രശസ്തമായ ഇരട്ട ടവറുകൾ നിലം പൊത്തുക. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ലാറ്റുകളുണ്ട്. കെട്ടിടം പൊളിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ തന്നെ പൂർത്തിയായിരുന്നു. 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എൻജിനീയറിംഗും ദക്ഷിണാഫ്രിക്കൻ കമ്പനിയും ചേർന്നാണ് ഫ്ളാറ്റുകൾ പൊളിക്കുന്നത്. ഇംപ്ലോഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടം പൊളിക്കാൻ 15 സെക്കൻഡ് എടുക്കും. പൊളിക്കലിന്‍റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ 5,000 ത്തോളം താമസക്കാരെയും 2,500 വാഹനങ്ങളും ഒഴിപ്പിക്കും. നോയിഡ, ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts