പല്ലികളെ ഓടിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ഇരട്ടകൾ 25-ാം നിലയിൽനിന്ന് വീണുമരിച്ചു

പല്ലികളെ തുരത്താനുള്ള ശ്രമത്തിനിടെ പതിനാല് വയസ്സുള്ള ഇരട്ടകൾ 25-ാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണുമരിച്ചു. ഗാസിയാബാദിലാണ് സംഭവം. തമിഴ് കുടുംബത്തിലെ ഇരട്ടക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സൂര്യ നാരായണനും സത്യ നാരായണനും പല്ലികളെ വലിയ പേടിയായിരുന്നു എന്ന് വീട്ടുകാർ പറയുന്നു. ബാൽക്കണിയിൽ സ്ഥിരം കാണാറുള്ള പല്ലികളെ ഓടിച്ചുവിടാൻ അവർ ശ്രമിക്കാറുണ്ട്.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് ബാൽക്കണിയിൽനിന്ന് വീണുമരിച്ച നിലയിൽ അടുത്തടുത്തായി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് ദൃക്സാക്ഷികൾ ആരുമില്ല. ബാൽക്കണിയിൽ കിടന്നിരുന്ന മേശപ്പുറത്ത് ഒരു കസേര കയറ്റിവെച്ച നിലയിൽ കണ്ടതാണ് നിഗമനങ്ങൾക്ക് ഇടയാക്കിയത്. കസേരയിൽ കയറിനിന്ന് പല്ലികളെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതാകാം എന്നാണ് വീട്ടുകാർ സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രനെ കാണാൻ കുട്ടികൾ കസേരയിൽ കയറിനിന്നതാണെന്ന സംശയങ്ങളും ഉണ്ട്. ഉറങ്ങാൻ പോകുന്നതിനുമുമ്പ് കുട്ടികൾ അത്തരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചതായും പറയപ്പെടുന്നു. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ രാധയും സഹോദരി ഗായത്രിയും ഉറക്കത്തിലായിരുന്നു. അച്ഛൻ പളനി ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വിദേശത്തായിരുന്നു.

Related Posts