ഒട്ടും പ്രതീക്ഷിക്കാത്തതാണ് നടന്നത്, കോളേജ് അധികൃതരുടെ നടപടി തൃപ്തികരം: അപർണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജ് സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികൾ തൃപ്തികരമെന്നും ലോ കോളേജിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ തങ്കത്തിന്‍റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അപർണ. അവിടെ സംഭവിച്ചത് ഒട്ടും പ്രതീക്ഷിച്ചതല്ല. ലോ കോളേജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് കോളേജിന് അറിയാം, അവരത് ചെയ്തിട്ടുമുണ്ട്. അവിടെയുള്ള എല്ലാ കുട്ടികളും സംഭവത്തിൽ ക്ഷമാപണം നടത്തി. കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു.  ജനുവരി 18നാണ് എറണാകുളം ലോ കോളേജ് യൂണിയൻ പരിപാടിക്കിടെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണു അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയത്. ചടങ്ങിനിടെയാണ് വിഷ്ണു പൂവുമായി വേദിയിലെത്തിയത്. പൂവ് നൽകിയ ശേഷം അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അതേസമയം നടിയുടെ തോളിൽ കൈ വയ്ക്കാൻ ശ്രമിച്ച വിഷ്ണുവിനെതിരെ അപർണ രൂക്ഷമായി പ്രതികരിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

Related Posts