മൊബൈല്‍ ഫോൺ, വജ്രം, രത്‌നം എന്നിവയുടെ വില കുറയും; ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കളുടെ വില കൂടും
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, വജ്രം, രത്‌നങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് കേന്ദ്ര ബജറ്റ്. കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശം. വെര്‍ച്വല്‍ കറന്‍സി അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തും. സഹകരണ സംഘങ്ങള്‍ക്ക് ആശ്വാസം നല്‍കി സര്‍ചാര്‍ജ് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കും. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്‌മെന്റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.