ദേശീയതലത്തിൽ ഹിന്ദി ഉപയോഗം അനിവാര്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ വീണ്ടും ഹിന്ദി ഭാഷാ വാദവുമായി രംഗത്ത്. ദേശീയ തലത്തിൽ ഹിന്ദിയുടെ ഉപയോഗം അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഹിന്ദി ദിവസിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നിരവധി ഭാഷാഭേദങ്ങള്‍ ഉൾക്കൊള്ളുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യത്തിന്‍റെ നൂലിൽ ബന്ധിപ്പിക്കുന്നതിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ലോകത്തിലെ പല ഭാഷകളിലും ഹിന്ദി പദങ്ങൾ ഉപയോഗിക്കുന്നു. എല്ലാവർക്കും ഹിന്ദി ദിവസ് ആശംസകൾ. നമ്മുടെ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയുടെ പ്രചാരണത്തിൽ പങ്കാളികളാകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഹിന്ദി ഭാഷ ബിജെപി അടിച്ചേൽപ്പിക്കുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർക്കുന്നതിനിടെയാണ് മന്ത്രിയുടെ ട്വീറ്റ്. ഹിന്ദി ഭാഷയുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദേശീയ പ്രയോഗത്തില്‍ ഹിന്ദിയുടെ ഉപയോഗം തികച്ചും അത്യന്താപേക്ഷിതമാണെന്ന് നമ്മുടെ ഭരണഘടനയുടെ ശിൽപികൾക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. വിശാലതയും ഔദാര്യവും കാരണം ഹിന്ദി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ പൂരകമാണ് എന്നും അദ്ദേഹം പറഞ്ഞു.

Related Posts