മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ആർടിഫിഷ്യൽ സാങ്കേതിക വിദ്യകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന
മനുഷ്യാവകാശങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ആർടിഫിഷ്യൽ സാങ്കേതിക വിദ്യകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന. പൊതു സ്ഥലങ്ങളിൽ ആളുകളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന 'ഫേഷ്യൽ റെക്കഗ്നിഷൻ', 'ഫേസ് സ്കാനിങ്ങ് ' സാങ്കേതിക വിദ്യകളെപ്പറ്റി എടുത്തു പറഞ്ഞു കൊണ്ടാണ് സ്വകാര്യതയെ ലംഘിക്കുന്ന അത്തരം ആർടിഫിഷ്യൽ സാങ്കേതിക വിദ്യകൾക്ക് മൊറട്ടോറിയം കൊണ്ടുവരണം എന്ന ആവശ്യം യു എൻ മുന്നോട്ടു വെയ്ക്കുന്നത്.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉടനടി നിരോധിക്കണം എന്ന ആവശ്യമല്ല മുന്നോട്ടു വെയ്ക്കുന്നത്. മറിച്ച് വ്യക്തികളുടെ സ്വകാര്യത, ഡാറ്റയുടെ സുരക്ഷിതത്വം, അവകാശങ്ങളുടെ അലംഘനീയത, സാങ്കേതിക വിദ്യയുടെ കൃത്യത എന്നിവ ഉറപ്പാക്കുംവരെ അവയുടെ ഉപയോഗത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാൻ ലോക രാജ്യങ്ങൾ ബാധ്യസ്ഥരാണ്. അവ ലംഘിക്കുന്ന വിധത്തിലുള്ള ആർടിഫിഷ്യൽ സാങ്കേതിക വിദ്യ അപകടകരമാണ്. വംശം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ കൂട്ടങ്ങളായി പരിഗണിച്ച് മനുഷ്യരുടെ പെരുമാറ്റത്തെ നിരീക്ഷിക്കുന്ന സർക്കാരുകളുടെ 'സോഷ്യൽ സ്കോറിങ്ങ് ' സംവിധാനങ്ങൾ ഉൾപ്പെടെ നിരോധിക്കണം.
എ ഐ സാങ്കേതിക വിദ്യ മനുഷ്യരാശിക്ക് പ്രയോജനം ചെയ്യുന്നവയാണ്. എന്നാൽ മനുഷ്യാവകാശങ്ങൾക്ക് യാതൊരു പരിഗണനയും കൽപ്പിക്കാത്ത വിധത്തിലുള്ള അവയുടെ ഉപയോഗം ദോഷകരമായ ഫലങ്ങൾ ഉളവാക്കും. ചിലപ്പോഴത് മഹാ വിപത്തുകൾക്കും കാരണമാകും.
വിവേചനം തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ സർക്കാരുകളും വ്യാപാര സ്ഥാപനങ്ങളും ആർടിഫിഷ്യൽ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള യു എൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് വരുന്നത്. ആർടിഫിഷ്യൽ സാങ്കേതിക വിദ്യ അപ്പാടെ നിരോധിക്കണം എന്നല്ല പറയുന്നതെന്നും മറിച്ച് മനുഷ്യാവകാശങ്ങൾ ലംഘിക്കാത്ത വിധത്തിലുള്ള മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ അവ നടപ്പിലാക്കരുത് എന്നാണ് ആവശ്യപ്പെടുന്നതെന്നും യു എൻ വക്താവ് വ്യക്തമാക്കി.