'ബഹിരാകാശ ശുചിത്വം' നടപ്പാക്കാനൊരുങ്ങി അമേരിക്കയും സ്വകാര്യ കമ്പനികളും

ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് അവശിഷ്ടങ്ങൾ ഈ കാലയളവിൽ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശതകോടിക്കണക്കിന് ഡോളർ ചെലവിൽ ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹങ്ങൾക്കും ബഹിരാകാശ നിലയങ്ങൾക്കും ഇവ ഭീഷണിയാണ്. ഈ സാഹചര്യം തിരിച്ചറിയുന്നതിനും ബഹിരാകാശത്ത് 'ശുചിത്വം' ഉറപ്പാക്കുന്നതിനുമായി, യുഎസ് ഒരു പുതിയ പെരുമാറ്റച്ചട്ടം തയ്യാറാക്കുന്ന പ്രക്രിയയിലാണ്. ബഹിരാകാശത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ കമ്പനികളും വലിയ നിക്ഷേപം നടത്തുന്നുണ്ട്. സമീപ വർഷങ്ങളിൽ, സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ഈ രംഗത്തേക്ക് പ്രവേശിച്ചതോടെ, ബഹിരാകാശ വസ്തുക്കൾ ഉയർത്തുന്ന ഭീഷണിയും വർദ്ധിച്ചു. സ്റ്റാർലിങ്ക് മാത്രം ഇതുവരെ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്, ഇനിയും വിക്ഷേപിക്കാൻ പദ്ധതിയിടുകയുമാണ്. സ്റ്റാർലിങ്കിനെപ്പോലെ, ആമസോൺ, വൺവെബ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഏജൻസികളും കമ്പനികളും സ്വന്തമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതിയിടുകയാണ്. ഇതെല്ലാം ബഹിരാകാശത്ത് ഉപകരണങ്ങളുടെ എണ്ണത്തിലും അവയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങളുടെ വർധനവിനും കാരണമാകുന്നു. ഇതിനുപുറമെ, മിസൈൽ നശിപ്പിക്കുന്ന നിഷ്ക്രിയ ഉപഗ്രഹങ്ങൾ സൃഷ്ടിക്കുന്ന അവശിഷ്ടങ്ങൾ വേറെയുമുണ്ട്. ശത്രു രാജ്യങ്ങൾ തമ്മിലുണ്ടാവാനിടയുള്ള ബഹിരാകാശ സൈനിക നീക്കങ്ങളും ഒരു ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് യുഎസ് സ്‌പേസ് കമാന്‍ഡ് ബഹിരാകാശത്തെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ടുള്ള പെരുമാറ്റ ചട്ടങ്ങളുടെ പട്ടിക പുറത്തിറക്കിയത്. പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങൾ സുരക്ഷിതമായ രീതിയിൽ നശിപ്പിക്കണം തുടങ്ങിയ ചില വ്യവസ്ഥകളാണ് യുഎസ് തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനോട് മറ്റ് രാജ്യങ്ങളും സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്ന് യുഎസ് സ്‌പേസ് കമാന്‍ഡിന്റെ ഓപ്പറേഷന്‍സ് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ റിച്ചാര്‍ഡ് സെല്‍മാന്‍ പറഞ്ഞു.

Related Posts