ചൈനയിൽ നടക്കുന്ന വിൻ്റർ ഒളിമ്പിക്സ് ബഹിഷ്കരണത്തിന് അമേരിക്ക

വരാനിരിക്കുന്ന വിൻ്റർ ഒളിമ്പിക്സ് നയതന്ത്ര തലത്തിൽ ബഹിഷ്കരിച്ചേക്കും എന്ന സൂചന നൽകി അമേരിക്ക. മനുഷ്യാവകാശ ലംഘനങ്ങളിലും സാമ്പത്തിക, സൈനിക തലങ്ങളിൽ അടുത്തിടെ ചൈന കൈക്കൊണ്ട നടപടികളിലുമുള്ള പ്രതിഷേധ സൂചകമായാണ് നയതന്ത്രതലത്തിൽ ബീജിങ്ങ് ഒളിമ്പിക്സ് ബഹിഷ്കരിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നത്. ഫെബ്രുവരി 4 മുതൽ 20 വരെയാണ് ഒളിമ്പിക്സ് അരങ്ങേറുന്നത്.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊയുമായുള്ള കൂടിക്കാഴ്ചക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷിൻജിയാങ്ങിലെ മനുഷ്യാവകാശ ധ്വംസനങ്ങളും സൈനിക, സാമ്പത്തിക തലങ്ങളിൽ ചൈന കൈക്കൊള്ളുന്ന പ്രകോപനപരമായ നടപടികളും ചൂണ്ടിക്കാട്ടി ഏതാനും സെനറ്റർമാർ നയതന്ത്ര ബഹിഷ്കരണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്. തിങ്കളാഴ്ച അമേരിക്കൻ-ചൈനീസ് പ്രസിഡൻ്റുമാർ തമ്മിൽ നടന്ന മൂന്നര മണിക്കൂർ നീണ്ട വെർച്വൽ യോഗത്തിൽ ഒളിമ്പിക്സ് ചർച്ച ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.

Related Posts