വിൻ്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് അമേരിക്ക, എതിർ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ചൈന
2022 വിൻ്റർ ഒളിമ്പിക്സ് നയതന്ത്ര തലത്തിൽ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. നിലപാടിൽ അമേരിക്ക ഉറച്ചുനിന്നാൽ എതിർ നടപടികൾ തങ്ങൾക്കും കൈക്കൊള്ളേണ്ടി വരുമെന്ന് ചൈന. ഫെബ്രുവരി 4 മുതൽ 20 വരെ ബീജിങ്ങിലാണ് വിൻ്റർ ഒളിമ്പിക്സ് അരങ്ങേറുന്നത്.
ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിലും സാമ്പത്തിക, സൈനിക തലങ്ങളിൽ അടുത്തിടെ കൈക്കൊണ്ട നടപടികളിലുമുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് നയതന്ത്രതല ബഹിഷ്കരണ നീക്കം അമേരിക്ക നടത്തുന്നത്. അമേരിക്കൻ നടപടിക്കെതിരെ ചൈന കൈക്കൊളളാനിരിക്കുന്ന എതിർ നീക്കത്തെപ്പറ്റി വ്യക്തതയില്ല. നേരത്തേ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊയുമായുള്ള കൂടിക്കാഴ്ചക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒളിമ്പിക്സ് ബഹിഷ്കരണത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.
ഷിൻജിയാങ്ങിലെ മനുഷ്യാവകാശ ധ്വംസനങ്ങളും സൈനിക, സാമ്പത്തിക തലങ്ങളിൽ ചൈന കൈക്കൊള്ളുന്ന പ്രകോപനപരമായ നടപടികളും ചൂണ്ടിക്കാട്ടി നിരവധി സെനറ്റർമാർ നയതന്ത്ര ബഹിഷ്കരണമെന്ന ആവശ്യം ഉയർത്തിയിരുന്നു. അപ്പോഴും കടുത്ത നടപടികളിലേക്ക് കടക്കുമോ എന്നതിലേക്കാണ് ലോകം ഉറ്റുനോക്കിയിരുന്നത്. ചൈന-അമേരിക്കൻ ബന്ധം കൂടുതൽ വഷളാവുന്നതിൻ്റെ സൂചനയായി ഒളിമ്പിക്സ് ബഹിഷ്കരണത്തെ കാണാം.