ഉക്രയ്ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെന്ന റഷ്യൻ അവകാശവാദം തെറ്റെന്ന് അമേരിക്ക
ഉക്രയ്ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അത് തെറ്റാണെന്ന് അമേരിക്ക. ഉക്രേനിയൻ അതിർത്തിയിൽ റഷ്യ 7,000 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക ആരോപിച്ചു. ട്രൂപ്പുകളിൽ പലതും ഇന്നലെയാണ് എത്തിച്ചേർന്നത്.
"ഉക്രയ്നുമായുള്ള അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യൻ സർക്കാർ അവകാശപ്പെടുന്നുണ്ട്. ലോകമെമ്പാടുമായി വളരെയധികം ശ്രദ്ധ ലഭിച്ച അവകാശവാദമാണ് അത്. എന്നാൽ അത് തെറ്റാണെന്ന് ഞങ്ങൾക്ക് അറിയാം," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല.
അതിർത്തിയോട് ചേർന്നുള്ള സ്ഥലത്തെ അഭ്യാസത്തിന് ശേഷം സൈന്യം പിൻവാങ്ങുകയാണെന്ന് ഇന്നലെ റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ക്രിമിയൻ ഉപദ്വീപിൽ നിന്ന് സൈന്യം പുറത്തുപോകുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും മന്ത്രാലയം പുറത്തുവിട്ടിരുന്നു.