ഒരേ നോക്കിൽ അറിയും മിഴിയേ...ഒറ്റിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മുഖ്യവേഷത്തിലെത്തുന്ന ഒറ്റ് എന്ന ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. തെലുഗ് നടി ഈഷ റബ്ബയാണ് ചിത്രത്തിലെ നായിക. ബോബനും ഈഷയും ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന "ഒരേ നോക്കിൽ അറിയും മിഴിയേ, ഒരേ വാക്കിൽ അകലാതേ" എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ന് റിലീസ് ചെയ്തത്. മൂന്നു മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം പേർ വീഡിയോ കണ്ടു കഴിഞ്ഞു.
സീസണിലെ ഏറ്റവും റൊമാൻ്റിക് ആയ മെലഡിയാണ് ഒറ്റിൽ ഉള്ളതെന്ന് പ്രണയ ദിനത്തിൽ ഗാനം പുറത്തിറക്കിക്കൊണ്ടുള്ള ഇൻസ്റ്റഗ്രാം കുറിപ്പിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് എ എച്ച് കാഷിഫ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ശ്വേത മോഹൻ ആണ് ആലാപനം.
ഇരുപത്തഞ്ച് വർഷത്തിനുശേഷം പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്ന ചിത്രമാണ് ഒറ്റ്. 'തീവണ്ടി' സംവിധായകൻ ടി പി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ എസ് സഞ്ജീവ്. ഓഗസ്റ്റ് ഫിലിംസിൻ്റെ ബാനറിൽ പ്രമുഖ തമിഴ് നടൻ ആര്യയും ഷാജി നടേശനും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലായി ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം ജൂലൈയിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.