യുദ്ധം തുടങ്ങി, കീവിൽ സ്ഫോടന പരമ്പര; ആയുധംവെച്ച് കീഴടങ്ങാൻ ഉക്രയ്ൻ സേനയോട് റഷ്യൻ പ്രസിഡണ്ട്
ലോകത്തിൻ്റെ ആശങ്കകൾ മുഴുവൻ ശരിവെച്ചുകൊണ്ട് ഉക്രയ്നെതിരെ റഷ്യൻ സേന യുദ്ധം തുടങ്ങി. തലസ്ഥാനമായ കീവിൽ ആറിടത്ത് സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതിനിടെ പ്രതിരോധിക്കാൻ ശ്രമിക്കരുതെന്നും ആയുധംവെച്ച് കീഴടങ്ങണമെന്നും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ ഉക്രയ്ൻ സൈന്യത്തോട് ആവശ്യപ്പെട്ടു.
റഷ്യയുടെ ഉക്രയ്ൻ അധിനിവേശത്തെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ശക്തിയായി അപലപിച്ചു. റഷ്യയെ നിലയ്ക്ക് നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ വാർത്ത വന്നതിനെ തുടർന്ന് രാജ്യാന്തര ഓഹരി വിപണികൾ കൂപ്പുകുത്തി. റഷ്യ-ഉക്രയ്ൻ സംഘർഷം ആശങ്കാജനകമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടണമെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി ആവശ്യപ്പെട്ടു.
അതിനിടയിൽ ഇന്ത്യയുടെ ആശങ്കകൾക്ക് ആക്കം കൂട്ടി വിമാനയാത്രകൾക്ക് ഉക്രയ്ൻ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചു കഴിഞ്ഞു. ഇന്ത്യയുടെ രക്ഷാദൗത്യം തുടങ്ങിയ ഉടനുള്ള നടപടി മലയാളികൾ അടക്കമുള്ളവരുടെ സുരക്ഷയെ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. 20,000-ത്തോളം ഇന്ത്യക്കാർ ഉക്രയ്നിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക്. ഏതാണ്ട് 18,000-ത്തോളം പേർ ഇപ്പോഴും അവിടെയുണ്ട്. വിമാന സർവീസ് നിലച്ചതോടെ ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലായിരിക്കുകയാണ്.