യുദ്ധം തുടരുന്നു; മെലിറ്റോപോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി
ഉക്രയ്നിലെ മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി. പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
10 പേരടങ്ങിയ ഒരു സംഘമാണ് മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയതെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു. ശത്രുക്കളുമായി സഹകരിക്കാൻ മേയർ വിസമ്മതിച്ചെന്നും നഗരത്തിലെ പ്രതിസന്ധി പരിഹാര കേന്ദ്രത്തിൽ വിതരണ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിലാണ് സംഭവം നടന്നതെന്നും ട്വീറ്റിൽ പറയുന്നു.
ഉക്രയ്ൻ ഇതിനോടകം തന്ത്രപരമായ വഴിത്തിരിവിൽ എത്തിയതായി പ്രസിഡണ്ട് പറഞ്ഞു. മോചനത്തിന് ഇനിയും എത്ര ദിവസമുണ്ടെന്ന് പറയാൻ കഴിയില്ല. പക്ഷേ ശത്രുക്കളുടെ പിടിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും ലക്ഷ്യത്തിലേക്കും വിജയത്തിലേക്കും നീങ്ങുകയാണെന്നും ഉക്രയ്ൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.