യുദ്ധം അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് അമേരിക്ക തയ്യാർ: ആൻ്റണി ബ്ലിങ്കൻ
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് സമാധാനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചർച്ച നടന്നത്. ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിക്കുന്നതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. റഷ്യക്ക് വേണമെങ്കിൽ നാളെ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാം. എല്ലാ രാജ്യങ്ങളും ഉക്രൈനിലെ റഷ്യയുടെ യുദ്ധത്താൽ ദുരിതം അനുഭവിക്കുന്നുണ്ട്. റഷ്യ തീരുമാനം പുനഃപരിശോധിക്കുമെന്നും ഉക്രൈനുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ബ്ലിങ്കൻ പറഞ്ഞു. റഷ്യയിൽ അനധികൃതമായി തടവിലാക്കപ്പെട്ട അമേരിക്കൻ തടവുകാരനെ മോചിപ്പിക്കാൻ സെർജിയോട് ആവശ്യപ്പെട്ടതായും ബ്ലിങ്കൻ പറഞ്ഞു. അതേസമയം, സെർജി ലാവ്റോവ് യുദ്ധത്തിൻ്റെ കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് കുറ്റപ്പെടുത്തി. ഉക്രെയ്നിലെ അധിനിവേശത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്നും, ഉക്രൈന് പാശ്ചാത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.