കുന്നംകുളത്ത് കലവറ ആഴ്ച്ചചന്ത വീണ്ടും സജീവമായി
കുന്നംകുളം: കോവിഡ് മഹാമാരിക്ക് ശേഷം കുന്നംകുളം നഗരസഭയിൽ വീണ്ടും കർഷകരുടെ കലവറ ആഴ്ചച്ചന്ത സജീവമായി. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കുന്ന ആഴ്ചച്ചന്തയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങി വിതരണം ചെയ്യും. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകർ തങ്ങൾ വിളയിച്ച പച്ചക്കറികളാണ് ചന്തയിലെത്തിക്കുന്നത്. പച്ചക്കറികളുടെ വില നിലവാരം തലേ ദിവസം തന്നെ കൃഷിഭവൻ മുഖേന പ്രസിദ്ധപ്പെടുത്തും. മത്തന്‍, കുമ്പളം, പടവലം, വെള്ളരി, പാവല്‍, പയര്‍, തുടങ്ങിയവയോടൊപ്പം പൊതുമാര്‍ക്കറ്റില്‍ നിന്നും മൊത്തവിലയ്ക്ക് എടുത്ത തക്കാളി, സബോള, ഉരുളക്കിഴങ്ങ് തുടങ്ങിയവും ഇവിടെ വില്പനക്കുണ്ട്. നഗരസഭ പരിധിയിലെ കൃഷി അസിസ്റ്റന്റുമാരായ നിമല്‍, ഷിജി, ജിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം. ഇതോടൊപ്പം വിവിധയിനം പച്ചക്കറി തൈകൾ , ഇല ചെടികൾ , പൂ ചെടികൾ എന്നിവയും കുറഞ്ഞ വിലയിൽ ആഴ്ചച്ചന്തയിൽ വിൽക്കുന്നുണ്ട്.
നഗരസഭയിലെ 37 വാർഡുകളിൽ നിന്നായി നൂറിലേറെ കർഷകരാണ് ആഴ്ചച്ചന്തയിൽ പങ്കാളികളാകുന്നത്. തങ്ങളുടെ കാർഷിക ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കൃഷിഭവനിൽ നിന്നും വേണ്ട മാർഗനിർദേശങ്ങളും ഇവർക്കു ലഭിക്കുന്നുണ്ട്. എല്ലാ കർഷകരെയും കലവറ ആഴ്ചച്ചന്തയിൽ പങ്കെടുപ്പിക്കുന്നതിന് നഗരസഭ വാർഡ് കൗൺസിലർമാർ, കൃഷി ഓഫീസർ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്. കലവറ സംബന്ധിച്ച വിശദാംശങ്ങൾക്ക് ഫോൺ: 9846110334.