ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുത പ്രതിസന്ധി ഉണ്ടായേക്കും
ഇടുക്കി: വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. നിലവിലെ അളവിൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ ഡാമിൽ രണ്ട് മാസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് 2376.24 അടിയായിരുന്നു. അതായത് സംഭരണ ശേഷിയുടെ 71 ശതമാനവും ഡാമിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 49.50 ശതമാനം മാത്രമാണ്. ജലനിരപ്പ് 2199 അടിയോട് അടുത്തെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിർത്തേണ്ടിവരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കും. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ 670 ലിറ്റർ വെള്ളം വേണം. ജലനിരപ്പ് അതിവേഗം കുറയാനുള്ള പ്രധാന കാരണം തുലാവർഷം ചതിച്ചതാണ്. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ ലഭിച്ചു. എന്നാൽ ഇത്തവണ ലഭിച്ചത് 3743 മില്ലിമീറ്റർ മഴയാണ്. 456 മില്ലിമീറ്ററിൻ്റെ കുറവാണുള്ളത്. നിലവിൽ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. താപനില വർദ്ധിച്ചതിനാൽ ഉപഭോഗവും വർദ്ധിച്ചു. എന്നാൽ ഉത്പാദനം കൂട്ടിയാൽ ഒരു മാസത്തിനകം പൂർണമായും നിർത്തേണ്ടി വരുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.