നദിയിലെ ജലനിരപ്പ് താഴ്ന്നു; കണ്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍

ചൈന: ഉഷ്ണതരംഗത്തെ തുടർന്ന് യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ 600 വർഷം പഴക്കമുള്ള ബുദ്ധപ്രതിമകൾ മറനീക്കി പുറത്തെത്തി. ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്കിംഗില്‍, നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഒരു ദ്വീപും ഉയർന്നുവന്നു. മൂന്ന് ബുദ്ധപ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്. അവ മിംഗ്, ക്വിംഗ് രാജവംശങ്ങളുടെ കാലത്താകാം നിര്‍മിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ബുദ്ധ പ്രതിമകളും ഫോയെലിയാങ് എന്ന് വിളിക്കുന്ന ഐലന്റ് റീഫിന്റെ ഉയര്‍ന്ന ഭാഗത്താണ് ഉണ്ടായിരുന്നത്. താമര പീഠമാക്കി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന നിലയിലാണ് പ്രതിമകളുള്ളത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വരൾച്ചയും ഉഷ്ണതരംഗങ്ങളും കാരണം യാങ്സിയിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്. ജൂലൈ മുതൽ, യാങ്സി നദീതടത്തിൽ മഴ സാധാരണയേക്കാൾ 45 ശതമാനം കുറവാണ്. അതിതീവ്ര ഉഷ്ണതരംഗം ഒരാഴ്ചയെങ്കിലും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. 66 നദികൾ കടുത്ത ചൂടിൽ വറ്റിവരളുകയാണ്.

Related Posts