സൈനികനായിരുന്ന മുത്തച്ഛന് പ്രണാമമർപ്പിച്ച് കൊച്ചു മകന്റെ വിവാഹ സമ്മാനം

ചൂലൂർ: വിവാഹദിനത്തിൽ ഭാരതീയ കരസേനയിൽ സുബൈദാർ മേജറായി സേവനമനുഷ്ടിച്ചിരുന്ന അച്ചാച്ചന് പ്രണാമമർപ്പിക്കാൻ കൊച്ചുമകൻ കണ്ടെത്തിയത് വ്യത്യസ്ഥമായ സേവന മാതൃക. തൊട്ടടുത്ത ഹൈസ്കൂളുകളിൽ നിന്നുള്ള എൻ സി സി കേഡറ്റുകളിൽ നിർദ്ധനരായ കുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകിയാണ് പരേതനായായ സുബൈദാർ മേജർ അരയംപറമ്പിൽ ഗോപാലന്റെ കൊച്ചുമകൻ ആര്യക് വിഷ്ണുപ്രദീപ് വിവാഹ ദിനം മംഗളമാക്കിയത്. വലപ്പാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ , വി പി എം എസ് എൻ ഡി പി സ്കൂൾ കഴിമ്പ്രം എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള പത്ത് കേഡറ്റുകൾക്കാണ് സൈക്കിൾ കൈമാറിയത്. സമൂഹത്തെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കുന്നതും വിദ്യാർത്ഥികളെ വലിയതോതിൽ ബാധിച്ചു കൊണ്ടിരിക്കുന്നതുമായ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മാഫിയ സംഘങ്ങളിൽ നിന്ന് തലമുറയെ രക്ഷിച്ചെടുക്കാനും പ്രതിരോധം സൃഷ്ടിക്കാനും ഒത്തൊരുമയും അച്ചടക്കവും സൈനിക പരിശീലനത്തിലൂടെ നേടുന്ന കേഡറ്റുകൾക്കാവുമെന്നും ഇതിനുള്ള ഒരു പ്രചോദനം കൂടിയാണ് ഇത്തരം ഒരാശയത്തിലേക്കെത്തിച്ചതെന്നും പിതാവ് അരയംപറമ്പിൽ പ്രദീപ് പറഞ്ഞു. വീട്ടുമുറ്റത്തെ വിവാഹ പന്തലിൽ വെച്ച് ആര്യക് പ്രദീപും വധു ഡോ. ആനീഷ്യയും ചേർന്ന് സൈക്കിൾ സമ്മാനിച്ചു. എൻ സി സി ഓഫീസർമാരായ പ്രശാന്ത് മേനോത്ത്, ബേബി ടീച്ചർ എന്നിവർ സംബന്ധിച്ചു. മയക്കുമരുന്നിനെതിരെ സന്ദേശവുമായി കേഡറ്റുകൾ സൈക്കിൾ റാലിയും നടത്തി. ചൂലൂർ ഗോപാലനിലയത്തിൽ അരയംപറമ്പിൽ പ്രദീപിന്റെയും ബിന്ദു പ്രദീപിന്റെയും മകനാണ് ആര്യക് വിഷ്ണു . നോർത്ത് പറവൂർ മാളവികയിൽ കളരിക്കൽ ദിലീപിന്റെയും സുമ ദിലീപിന്റെയും മകളാണ് ഡോ അനീഷ്യ. സുനിൽകുമാർ അരയംപറമ്പിൽ , അഡ്വ:സന്തോഷ് കുമാർ ,ജിജിൻ മച്ചിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts