പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം
പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം നൽകി. ‘ക്ലീൻ നോട്ട്’ നയം യാഥാർത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം.
വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിലാണ്അറിയിച്ചത്. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നും റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.