കെസ്വിഫ്‌റ്റ് ബസിൽ യുവാവ് യുവതിയെ കുത്തി പരുക്കേൽപിച്ചു; യുവാവിന്റെ നില ഗുരുതരം യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കോഴിക്കോട്: കെ സ്വിഫ്‌റ്റ് ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ചു ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ഗൂഢല്ലൂര്‍ സ്വദേശിനി സീതയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴാണ് വയനാട് സ്വദേശി സനിൽ യാത്രക്കാരിയായ ഗൂഡല്ലൂർ സ്വദേശിനി യുവതിയെ കുത്തി പരുക്കേല്പിച്ചത്. ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. യുവതി അങ്കമാലിയിൽ നിന്നും യുവാവ് മലപ്പുറം എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ പകയാണ് ആക്രമണത്തിന് കാരണമെന്ന് യുവതിയുടെ മൊഴി.

വ്യാഴാച രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന കെ സ്വിഫ്റ്റ് ബസിൽ നടുക്കുന്ന സംഭവമുണ്ടായത്. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാൾ വെച്ച് ബസിൽ കയറിയത്.

അതേസമയം, സംഭവത്തിൽ യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. യുവാവ് യുവതിയെ ആക്രമിച്ചത് ബാഗിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസൻ വ്യക്തമാക്കി.

Related Posts