വിമൻസ് ടി-20 ചലഞ്ചിന് ഇന്ന് തുടക്കം
വിമൻസ് ടി-20 ചലഞ്ചിന് ഇന്ന് തുടക്കം. സ്മൃതി മന്ദന നയിക്കുന്ന ട്രെയിൽബ്ലേസേഴ്സും ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർനോവാസും തമ്മിലാണ് ഉദ്ഘാടന മത്സരം. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ട്രെയിൽബ്ലേസേഴ്സാണ് നിലവിലെ ചാമ്പ്യന്മാർ.
വനിതാ ടി-20 ചലഞ്ചിൻ്റെ നാലാം സീസൺ ആണ് ഇത്. 2018ൽ രണ്ട് ടീമുകളുമായി തുടങ്ങിയ ടൂർണമെൻ്റ് 2019ൽ മൂന്ന് ടീമുകളാക്കി ഉയർത്തി. അടുത്ത സീസൺ മുതൽ വനിതാ ഐപിഎൽ നടത്താനാണ് തീരുമാനം എന്നതിനാൽ വിമൻസ് ടി-20 ചലഞ്ചിൻ്റെ അവസാന സീസണാവും ഇത്.
ട്രെയിൽബ്ലേസേഴ്സിൽ സ്മൃതി മന്ദന, ജമീമ റോഡ്രിഗസ്, സബ്ബിനേനി മേഘന, റിച്ച ഘോഷ് എന്നിങ്ങനെ ശക്തമായ ഇന്ത്യൻ ബാറ്റിംഗ് നിര ഉണ്ട്. സ്മൃതിയും സബ്ബിനേനിയും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ജമീമ, ഹെയ്ലി മാത്യൂസ്, റിച്ച ഘോഷ്, സോഫിയ ഡങ്ക്‌ലി എന്നിങ്ങനെയാവും ബാറ്റിംഗ് നിര. രാജേശ്വരി ഗെയ്ക്‌വാദ്, പൂനം യാദവ്, രേണുക സിംഗ്, അരുന്ധതി റെഡ്ഡി എന്നിവരാവും ബൗളിംഗ് ഓപ്ഷനുകൾ. സൈക ഇഷാഖ്, ശ്രദ്ധ പൊഖാർകർ എന്നിവരിൽ ഒരാൾ കൂടി ടീമിലെത്തും.
ഹർമൻപ്രീത് നയിക്കുന്ന സൂപ്പർനോവാസിൽ പ്രിയ പുനിയക്കൊപ്പം തനിയ ഭാട്ടിയയോ ഹർലീൻ ഡിയോളോ ഓപ്പൺ ചെയ്തേക്കാം. മുസ്കൻ മാലിക്, ദേന്ദ്ര ഡോട്ടിൻ, ആയുഷി സോണി, സുനെ ലൂസ്, സോഫി എക്ലസ്റ്റൺ, അലന കിംഗ് തുടങ്ങിയവരാവും മറ്റ് താരങ്ങൾ.