എലിസബത്ത് രാജ്ഞിക്ക് വിട നൽകാൻ ലോകം;സംസ്കാരം ഇന്ന് രാത്രിയോടെ
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിടപറയും. ലണ്ടന്‍റെ നഗര ഹൃദയത്തിലുള്ള വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ദിവസങ്ങളായി നടക്കുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ആചാരപരമായ വിലാപയാത്രയായി കൊണ്ടുപോകും. 1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ ആബി. രാഷ്ട്രത്തലവൻമാരും യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം വിശിഷ്ടാതിഥികൾ അവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ രാത്രി 12 മണിയോടെ മൃതദേഹം സംസ്കരിക്കും.