ദാ വന്നു, ദേ പോയി; ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി പിറ്റേന്നുതന്നെ ഡിലീറ്റ് ചെയ്ത് ലോകപ്രശസ്ത റാപ്പർ ജെയ് സെഡ്
ലോക പ്രശസ്ത റാപ്പറും പാട്ടെഴുത്തുകാരനും സംരംഭകനും സർവോപരി അമേരിക്കൻ ഗായിക ബിയോൺസിൻ്റെ ജീവിത പങ്കാളിയുമായ ജെയ് സെഡ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുതുടങ്ങി, പിറ്റേന്ന് തന്നെ ക്ലോസ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത ജെയ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതുതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ രണ്ട് മില്യണിലേറെ അനുയായികളെയാണ് ജെയ് സ്വന്തമാക്കിയത്. ഭാര്യ ബിയോൺസിനെ മാത്രമാണ് താരം ഫോളോ ചെയ്തത്. എന്തായാലും, തുടങ്ങിയതിൻ്റെ പിറ്റേന്നുതന്നെ അക്കൗണ്ട് പൂട്ടിപ്പോയ നിലയിലാണ്.
ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഹിപ്-ഹോപ് ആർടിസ്റ്റുകളിൽ ഒരാളായാണ് ജെയ് സെഡ് അറിയപ്പെടുന്നത്. ദി ബ്ലൂ പ്രിൻ്റ്, ദി ബ്ലാക്ക് ആൽബം, അമേരിക്കൻ ഗാങ്സ്റ്റർ, 4:44 തുടങ്ങി നിരവധി ഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാന്യേ വെസ്റ്റിനൊപ്പമുളള വാച്ച് ദി ത്രോൺ, ഭാര്യ ബിയോൺസിന് ഒപ്പമുളള എവരിതിങ്ങ് ഈസ് ലവ് തുടങ്ങിയ ആൽബങ്ങളും വമ്പൻ ഹിറ്റുകളാണ്. ലോക വ്യാപകമായി 125 മില്യൺ റെക്കോഡുകളിൽ കൂടുതൽ വിറ്റഴിഞ്ഞിട്ടുണ്ട്. 23 ഗ്രാമി അവാർഡുകൾ നേടി ചരിത്രം സൃഷ്ടിച്ച റാപ്പറാണ് ജെയ്. ഫോർബ്സ്, ബ്ലൂംബർഗ് ശതകോടീശ്വര പട്ടികകളിലും ഇടം പിടിച്ചിട്ടുണ്ട്. ബ്ലൂംബർഗ് പട്ടിക പ്രകാരം 1 ബില്യൺ അമേരിക്കൻ ഡോളറിലേറെയാണ് സെഡിൻ്റെ ആസ്തി. ഭാര്യ ബിയോൺസിന് അഞ്ഞൂറ് മില്യൺ അമേരിക്കൻ ഡോളറിൻ്റെ ആസ്തിയുണ്ട്.