ഒറിജിനലിനേക്കാൾ അപകടകാരിയായ ഒമിക്രോൺ ഉപവകഭേദം 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

ഒറിജിനൽ പതിപ്പിനേക്കാൾ കൂടുതൽ അപകടകാരിയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്ന, അതിവേഗം പടരുന്ന ഒമിക്രോൺ ഉപവകഭേദം 57 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. പത്ത് ആഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയത്. അതിവേഗം വ്യാപിക്കുന്നതും വൻതോതിൽ ഉൽപരിവർത്തനം ചെയ്യപ്പെട്ടതുമായ ഒമിക്രോൺ ലോകമെമ്പാടുമുള്ള പ്രബല വകഭേദമായി മാറുന്നതിനിടയിലാണ് കൂടുതൽ അപകടകാരിയായി കണക്കാക്കുന്ന ഉപവകഭേദത്തിൻ്റെ ആവിർഭാവം.

ബിഎ.1, ബിഎ.11, ബിഎ.2, ബിഎ.3 തുടങ്ങി നിരവധി ഉപവകഭേദങ്ങൾ ഒമിക്രോണിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര എപ്പിഡെമിയോളജിക്കൽ അപ്ഡേറ്റ് പറയുന്നു. ഇതിൽ ആദ്യം തിരിച്ചറിഞ്ഞ ബിഎ.1, ബിഎ.11 എന്നീ ഉപവകഭേദങ്ങളാണ് 96 ശതമാനവും.

എന്നാൽ ബിഎ.2 കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഒറിജിനലിൽ നിന്ന് വ്യത്യസ്തവും അപകടകരവുമായ ജനിതക വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. വൈറസിന്റെ ഉപരിതലത്തിലെ സ്പൈക്ക് പ്രോട്ടീൻ ഉൾപ്പെടെ മനുഷ്യ കോശങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഇതിനാവും. ഒറിജിനലിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്നതും അപകടകാരിയുമാണ് ഒമിക്രോൺ വകഭേദത്തിൻ്റെ ബിഎ. 2 ഉപവകഭേദമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

Related Posts