2022-ൽ കൊവിഡിൻ്റെ അന്ത്യം കുറിക്കണമെന്ന് ലോകാരോഗ്യ സംഘടന

കഴിഞ്ഞ രണ്ട് വർഷക്കാലമായി ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്ക് 2022-ൽ അന്ത്യം കുറിക്കണമെന്ന ആഹ്വാനവുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ സെക്രട്ടറി ജനറൽ തെദ്രോസ് അഥനം ഗബ്രിയേസസ് ആണ് ലോക രാജ്യങ്ങൾ ഒന്നിച്ചുനിന്ന് പൊരുതിയാൽ അടുത്തവർഷത്തോടെ കൊവിഡിന് അന്ത്യം കുറിക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

അടുത്ത വർഷം പകുതിയോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിനേഷൻ ഉറപ്പാക്കിയാൽ വരുംവർഷത്തിൽ തന്നെ പകർച്ചവ്യാധിക്ക് അറുതി വരുത്താം. വാക്സിൻ വിതരണത്തിൽ ഇപ്പോൾ നിലനിൽക്കുന്ന അസമത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച, നോവാവാക്‌സ് ലൈസൻസിന് കീഴിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു. പുതിയ വാക്‌സിനും കോവാക്സ് പോർട്ട്‌ഫോളിയോയുടെ ഭാഗമായാണ് പുറത്തിറക്കുന്നത്. ആഗോളതലത്തിൽ വാക്സിനേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പുതിയ വാക്സിൻ സുപ്രധാന പങ്ക് വഹിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Related Posts