ഒമിക്രോൺ ബാധിച്ച് ലോകത്ത് 5 ലക്ഷം പേർ മരിച്ചെന്ന് ലോകാരോഗ്യ സംഘടന; "ദുരന്തത്തിന് അപ്പുറം" എന്ന് വിലയിരുത്തൽ

ഒമിക്രോൺ വകഭേദം ലോകത്ത് അഞ്ച് ലക്ഷം മരണങ്ങൾക്ക് കാരണമായെന്ന് ലോകാരോഗ്യ സംഘടന. "ദുരന്തത്തിനപ്പുറം" എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്.

നവംബർ അവസാനത്തോടെയാണ് ഒമിക്രോൺ കണ്ടെത്തുന്നത്. ആഗോളതലത്തിൽ ഇതുവരെ 130 ദശലക്ഷം കേസുകളും 5,00,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡബ്ല്യു എച്ച് ഒ ഇൻസിഡൻസ് മാനേജർ അബ്ദി മഹമൂദ് പറഞ്ഞു. ഗുരുതരമല്ലെന്ന തോന്നൽ ഉളവാക്കുമെങ്കിലും ഡെൽറ്റയെ അപേക്ഷിച്ച് അതിവേഗം പടരുന്നതിനാൽ ലോകത്തിലെ പ്രബലമായ കൊവിഡ് വകഭേദമായി ഇത് ഞൊടിയിടയിൽ മാറുകയായിരുന്നു.

ഫലപ്രദമായ വാക്സിനുകൾ ഉണ്ടായിട്ടും അര ദശലക്ഷത്തോളം ആളുകൾ മരിച്ചത് ഗുരുതരമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ ചാനലുകളിലെ തത്സമയ ആശയവിനിമയത്തിൽ മഹമൂദ് പറഞ്ഞു.

ഒമിക്രോൺ താരതമ്യേന സൗമ്യമാണെന്ന് പറയുന്നവർ അര ദശലക്ഷത്തോളം ആളുകളുടെ മരണത്തിന് ഇടയാക്കിയ വകഭേദത്തെ കുറിച്ചാണ് അങ്ങനെ പറയുന്നതെന്ന് തിരിച്ചറിയാതെ പോവുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Related Posts