കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ; അടുത്ത വർഷത്തോടെ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ച സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ അടുത്ത വർഷത്തോടെ സ്ഥിതിഗതികൾ മാറുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി. അടുത്ത വർഷത്തോടെ കൊവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, അടുത്ത മാസം ചേരുന്ന കൊവിഡ് -19 എമർജൻസി കമ്മിറ്റി ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കൊവിഡിന് കാരണക്കാരനായ SARS-CoV-2 വൈറസ് അത്രയെളുപ്പം പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരികളെയും രോഗവ്യാപനങ്ങളെയും തിരിച്ചറിയാനും പ്രതിരോധിക്കാനും എല്ലാ രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ കൂടുതൽ സജ്ജമാകണമെന്നാണ് കൊവിഡ് മഹാമാരിക്കാലം പഠിപ്പിച്ച പ്രധാന പാഠമെന്നും അതോടൊപ്പം പലയിടങ്ങളിലും ഇപ്പോൾ പടർന്ന് കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധ രോഗങ്ങൾക്ക് തടയിടാനുള്ള നടപടികളും കൈക്കൊള്ളണമെന്ന് ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് മുന്നറിയിപ്പ് നൽകി.