യൂറോപ്പിലെയും മധ്യേഷ്യയിലെയും 53 രാജ്യങ്ങളിൽ അതിജാഗ്രതാ നിർദേശം, കൊവിഡിൻ്റെ പുതിയ തരംഗ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന യൂറോപ്പിലെയും മധ്യേഷ്യയിലെയും 53 രാജ്യങ്ങളിൽ അതിജാഗ്രതാ നിർദേശം. കൊവിഡിൻ്റെ പുതിയ തരംഗം ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അപകടകാരിയായ ഡെൽറ്റ വൈറസാണ് രോഗപ്പകർച്ചയ്ക്ക് കാരണം.
മഹാമാരിയുടെ പുനരുജ്ജീവനത്തിൻ്റെ മറ്റൊരു നിർണായക ഘട്ടത്തിലാണ് യൂറോപ്പും മധ്യേഷ്യയുമെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്പ് മേധാവി ഹാൻസ് ക്ലൂഗെ അഭിപ്രായപ്പെട്ടു. യൂറോപ്പ് വീണ്ടും പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മാറുകയാണ്. ഒരു വർഷംമുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചു പോവുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കേസുകളുടെ എണ്ണം വീണ്ടും റെക്കോഡ് തലത്തിലേക്ക് അടുക്കാൻ തുടങ്ങി. യൂറോപ്പിൽ തുടങ്ങി മധ്യേഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾവരെ വ്യാപിച്ചുകിടക്കുന്ന മേഖലയിലെ വൈറസ് വ്യാപനത്തിൻ്റെ വേഗത ആശങ്കാജനകമാണെന്നും ക്ലൂഗെ പറഞ്ഞു.
ഏകദേശം 1.8 ദശലക്ഷം പുതിയ പ്രതിവാര കൊവിഡ് കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്‌ചയെ അപേക്ഷിച്ച് ഏതാണ്ട് 6 ശതമാനത്തിൻ്റെ വർധനവുണ്ട്. പ്രതിവാര മരണങ്ങൾ 24,000 കടന്നിരിക്കുന്നു.12 ശതമാനം വർധനവാണ് മരണക്കണക്കിൽ ഉള്ളത്.
ആശുപത്രിവാസ നിരക്ക് കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ചതായി ക്ലൂഗെ പറഞ്ഞു. ഇതേനില തുടർന്നാൽ ഫെബ്രുവരിയോടെ മേഖലയിൽ 5,00,000 മരണങ്ങൾ കൂടി ഉണ്ടാകും.