ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ലേലത്തിന്, പ്രതീക്ഷിക്കുന്നത് 8.25 മില്യൺ അമേരിക്കൻ ഡോളർ
ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പായ 'പെന്നി ബ്ലാക്ക് ' ലേലത്തിന്. 8.25 മില്യൺ യുഎസ് ഡോളർവരെ വില കണക്കാക്കിയാണ് അമേരിക്കയിലെ പ്രമുഖ ലേലസ്ഥാപനമായ സോത്ബി ഇത് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. ഡിസംബർ 7-ന് നടക്കുന്ന 'ട്രഷേഴ്‌സ് ' വിഭാഗത്തിലാണ് പെന്നി ബ്ലാക്ക് അവതരിപ്പിക്കുന്നത്.
1840-ൽ പുറത്തിറങ്ങിയ ആദ്യത്തെ തപാൽ സ്റ്റാമ്പാണ് ലേലം ചെയ്യുന്നതെന്ന് സോത്ബി പറഞ്ഞു.വിക്ടോറിയ രാജ്ഞിയുടെ മുഖമാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഒരു പെന്നിയാണ് സ്റ്റാമ്പിൻ്റെ വില. സ്കോട്ടിഷ് രാഷ്ട്രീയക്കാരനും ബ്രിട്ടീഷ് തപാൽ സേവന പരിഷ്കർത്താവുമായ റോബർട്ട് വാലസിന്റെ ആർക്കൈവിലാണ് ഇത് ഉണ്ടായിരുന്നത്. 1840 ഏപ്രിൽ 10 എന്ന് തീയതിവെച്ച ഒരു ഡോക്യുമെൻ്റിലാണ് സ്റ്റാമ്പ് പതിച്ചിരിക്കുന്നത്.
എല്ലാ സ്റ്റാമ്പുകളുടെയും മുൻഗാമിയാണ് പെന്നി ബ്ലാക്കെന്ന് സോത്ബി ട്രഷേഴ്‌സ് സെയിൽ മേധാവി ഹെൻറി ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിൻ്റെ ഫിലാറ്റലിക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമൂല്യ രേഖയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.