ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കൊള്ള; 600 മില്യൺ ഡോളറിലധികം മോഷ്ടിച്ച് ഹാക്കർമാർ

ഡിജിറ്റൽ ലെഡ്ജറിൽ നിന്ന് 600 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ക്രിപ്‌റ്റോ കറൻസി മോഷ്ടിച്ച് ഹാക്കർമാർ. ഓൺലൈൻ ഗെയിമായ ആക്‌സി ഇൻഫിനിറ്റിയുടെ കളിക്കാർ ഉപയോഗിക്കുന്ന ഡിജിറ്റൽ ലെഡ്ജറിൽ നിന്നാണ് ഡിജിറ്റൽ കറൻസി മോഷ്ടിക്കപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്ന് ക്രിപ്റ്റോ കറൻസി രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

മാർച്ച് 23-നാണ് മോഷണം നടന്നിരിക്കുന്നത്. അന്ന് 545 മില്യൺ ഡോളറായിരുന്നു കറൻസിയുടെ മൂല്യം. എന്നാൽ, ഇന്നത്തെ വില അടിസ്ഥാനമാക്കിയാൽ ഏകദേശം 615 മില്യൺ ഡോളറാണ് മോഷ്ടിക്കപ്പെട്ട കറൻസിയുടെ മൂല്യം.

ലോകമെമ്പാടും ക്രിപ്റ്റോ കറൻസിക്ക് വലിയ പ്രചാരമാണ് ലഭിച്ചു വരുന്നത്. പല രാജ്യങ്ങളിലും ഡിജിറ്റൽ കറൻസി ഇതിനോടകം നിയമ വിധേയമായിക്കഴിഞ്ഞു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമ വിധേയമാക്കണോ നിരോധിക്കണോ എന്ന കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഹാക്കർമാരിൽ നിന്നുള്ള ഭീഷണിയാണ് ഡിജിറ്റൽ കറൻസി നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്.

Related Posts