ലോകത്തെ ഏറ്റവും വലിയ ഐമാക്‌സ് തിയേറ്റര്‍ ഒരുങ്ങുന്നു; 70 അടി പൊക്കം, 125 അടി നീളം
ലോകത്തെ ഏറ്റവും വലിയ ഐമാക്‌സ് തീയേറ്റര്‍ ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ലിയോന്‍ബര്‍ഗിലെ ട്രൗണ്‍പ്ലാസ്റ്റ് മള്‍ട്ടിപ്ലക്‌സിലാണ് കൂറ്റന്‍ തിയേറ്റര്‍ ഒരുങ്ങുന്നത്. ബോയിങ് 737 എയര്‍ലൈനിനെക്കാള്‍ വലുതാണ് ഈ തീയേറ്റര്‍. 70 അടി പൊക്കവും 125 അടി നീളവും തീയേറ്ററിനുണ്ട്. ജെയിംസ് ബോണ്ട് സീരീസ് ചിത്രം, നോ ടൈം ടു ഡൈയാണ് തീയേറ്ററിന്റെ ഉദ്ഘാടന ചിത്രം.
574 പേര്‍ക്ക് ഇരിക്കാൻ സൗകര്യമുള്ള തിയേറ്ററിൽ ഏറ്റവും പുതിയ ഐമാക്‌സ് 12 ചാനല്‍ സൗണ്ട് ടെക്‌നോളജിയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ തീയേറ്റര്‍ ബിഗ് സ്‌ക്രീന്‍ സമവാക്യങ്ങളെ മാറ്റിയെഴുതുന്നതാണെന്നും സിനിമ ആസ്വാദകര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും ഐമാക്‌സ് സി ഇ ഒ റിച്ച് ഗെല്‍ഫോഡ് പറഞ്ഞു.
ഐമാക്‌സ് 15/70 എം എം ഫിലിം ക്യാമറയിലാണ് നോ ടൈം ടു ഡൈ ചിത്രീകരിച്ചിരിക്കുന്നത്. ഐമാക്‌സ് തിയേറ്ററുകള്‍ക്കായി പ്രത്യേകമായി ഫോര്‍മാറ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇത്. 40 മിനിറ്റ് ഐമാക്‌സ് എക്‌സ്‌ക്ലൂസീവ് എക്‌സ്പാന്‍ഡഡ് റേഷ്യോയില്‍ കാണാന്‍ സാധിക്കും. ട്രൗണ്‍പ്ലാസ്റ്റിലെത്തുന്ന പ്രേക്ഷകര്‍ക്ക് ഇത് 1.90:1 റേഷ്യോയില്‍ കാണാന്‍ സാധിക്കും.