'ജീവിച്ചിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ'; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം ലിയോണിഡ് സ്റ്റാനിസ്ലാവ്‌സ്‌കി

കീവ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രഫഷണൽ ടെന്നീസ് താരമാണ് 97 വയസ്സായ യുക്രൈൻ സ്വദേശി ലിയോണിഡ് സ്റ്റാനിസ്ലാവ്‌സ്‌കി. റാഫേൽ നദാലിനൊപ്പം ടെന്നീസ് കളിച്ച് ലോകശ്രദ്ധയാകർഷിച്ച സ്റ്റാനിസ്ലാവ്‌സ്‌കിയ്ക്ക് സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർക്കൊപ്പം ടെന്നീസ് കളിക്കുക എന്നതാണ് ഏറ്റവും വലിയ ആ​ഗ്രഹം. പക്ഷെ ഇപ്പോൾ അതിനേക്കാൾ ഉപരിയായി ജീവിച്ചിരിക്കുക എന്ന ഒറ്റ ആഗ്രഹമേ താരത്തിനുള്ളൂ.

റഷ്യയുടെ ആക്രമണം മൂലം യുക്രൈനിൽ കുടുങ്ങിയിരിക്കുകയാണ് സ്റ്റാനിസ്ലാവ്‌സ്‌കി. ഈ ഭൂമിയിൽ ജീവിക്കണം എന്ന ആ​ഗ്രഹമാണ് താരത്തിനുള്ളത്. ഇപ്പോൾ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഇരയാവരുതെന്ന പ്രാർഥന മാത്രമേയുള്ളൂ.

'ജീവിച്ചിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ. ഫെബ്രുവരി 24നാണ് യുദ്ധം തുടങ്ങിയത്. അന്നുതൊട്ട് ഞാൻ വീട്ടിൽ തന്നെ കഴിയുകയാണ്. പുറത്തിറങ്ങാൻ പേടിയാണ്. ജീവിതത്തിൽ മറ്റൊരു യുദ്ധത്തെ നേരിടേണ്ടിവരുമെന്ന് ഞാൻ കരുതിയില്ല. ഈ യുദ്ധം അവസാനിപ്പിക്കണം. സമാധനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണം'', സ്റ്റാനിസ്ലാവ്‌സ്‌കി പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായിട്ടുണ്ട് സ്റ്റാനിസ്ലാവ്‌സ്‌കി. എൻജിനിയറായിരുന്ന സ്റ്റാനിസ്ലാവ്‌സ്‌കി അന്ന് സോവിയറ്റ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിൽ പങ്കാളിയായി. 30-ാം വയസ്സിലാണ് അദ്ദേഹം ടെന്നീസ് ലോകത്തെത്തുന്നത്. ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോഡും താരം സ്വന്തം പേരിലാക്കി. ഇപ്പോഴും ആഴ്ചയിൽ മൂന്ന് ദിവസം പരിശീലനം നടത്താറുണ്ട് ഈ 97കാരൻ.

Related Posts