ഗാനമേളയ്ക്കിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷാണ് മരിച്ചത്. ഗാനമേളയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കലൂരിലെ സ്വകാര്യ സ്ഥലത്ത് രാത്രി ഡിജെ പാർട്ടിയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയതിനെ തുടർന്ന് രാജേഷിനെ സംഘാടകർ പുറത്താക്കിയിരുന്നു. പക്ഷേ, ഇയാൾ വീണ്ടും മടങ്ങിവന്നു. തുടർന്നുണ്ടായ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.