ഭർത്താവ് തയ്ച്ച ബ്ലൗസ് ഇഷ്ടമായില്ല, യുവതി ആത്മഹത്യ ചെയ്തു
തുന്നൽക്കാരനായ ഭർത്താവ് തയ്ച്ചു കൊടുത്ത ബ്ലൗസ് ഇഷ്ടമാവാത്തതിന്റെ പേരിൽ ഭാര്യ തൂങ്ങിമരിച്ചു. ഹൈദരാബാദിലാണ് സംഭവം. അമ്പേർപേട്ടിലെ ഗോൽനക തിരുമല നഗർ പ്രദേശത്താണ് വിജയലക്ഷ്മിയും ഭർത്താവ് ശ്രീനിവാസയും രണ്ടുമക്കളും താമസിക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങി സാരിയും ബ്ലൗസ് മെറ്റീരിയലുകളും വിറ്റാണ് തുന്നൽക്കാരനായ ശ്രീനിവാസ കുടുംബം പുലർത്തുന്നത്.
കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് അയാൾ ഒരു ബ്ലൗസ് തയ്ച്ചു കൊടുത്തിരുന്നു. അവർക്കത് തീരെ ഇഷ്ടമായില്ല. താൻ നിർദേശിച്ച തരത്തിൽ മാറ്റങ്ങൾ വരുത്തി ബ്ലൗസ് മാറ്റി തയ്ക്കാൻ അവർ ആവശ്യപ്പെട്ടു. തുന്നലഴിച്ചു കൊടുത്ത ശ്രീനിവാസ ഇഷ്ടപ്രകാരം തയ്ക്കാൻ ഭാര്യയോട് തന്നെ നിർദേശിച്ചു. ഇതിൽ പ്രകോപിതയായ അവർ കിടപ്പുമുറിയിൽ കയറി വാതിലടച്ചു. ഭർത്താവുമായി പിണങ്ങുമ്പോഴെല്ലാം മുറിയിൽ കയറി വാതിലടയ്ക്കുന്ന സ്വഭാവക്കാരിയാണ് വിജയലക്ഷ്മി. വൈകീട്ട് സ്കൂൾ വിട്ടുവന്ന കുട്ടികൾ അമ്മ കതകുതുറക്കുന്നില്ല എന്ന വിവരം അച്ഛനെ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ശ്രീനിവാസ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.