ഇരച്ചെത്തി മലവെള്ളം; ഒഴുക്കിൽ പെട്ട യുവതി മരിച്ചു
കരുവാരകുണ്ട്: അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്‍റെയും സുശീലയുടെയും മകൾ ഹാർഷ (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഹാർഷയും കുടുംബവും കരുവാരക്കുണ്ടിലെ അമ്മായിയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ശാന്തമായ ചോലയിൽ വെള്ളം കുറവായിരുന്നു. പ്രദേശത്ത് മഴയുമുണ്ടായിരുന്നില്ല. ഹാർഷയുടെ പിതൃസഹോദരിയുടെ ഭർത്താവ് അരവിന്ദാക്ഷൻ, അരവിന്ദാക്ഷന്‍റെ മകൻ രഞ്ജിത്ത്, മരുമകൻ സുജിത്ത്, സുജിത്തിന്‍റെ ഭാര്യ രമ്യ, മക്കളായ ദിൽഷ, ശ്രേയ എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു. അപകടസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ കണ്ടെത്തിയ ഹാർഷയെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.