സാംസ്കാരിക വകുപ്പിന്റെ തേക്കിൻകാട് ഫെസ്റ്റിന് തുടക്കം

വിഭാഗീയതക്ക് അപ്പുറം കൂട്ടായ്മയുടെ വേദികൾ ഒരുക്കുന്ന മാനവികതയാണ് കലാപ്രവർത്തനം: മന്ത്രി ഡോ ആർ ബിന്ദു

വിഭാഗീയതക്ക് അപ്പുറം കൂട്ടായ്മയുടെ വേദികൾ ഒരുക്കുന്ന മാനവികതയാണ് കലാപ്രവർത്തനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് സാംസ്കാരിക ഉന്നത സമിതി സംഘടിപ്പിച്ച തേക്കിൻകാട് ഫെസ്റ്റിവൽ ക്യാൻവാസിൽ ചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനസ്സുകളുടെ ഇഴയടുപ്പം വർധിപ്പിക്കാൻ സഹായിക്കുന്ന കൂട്ടായ്മയുടെ വേദികൾ ശക്തിപ്പെടുത്തണമെന്നും പരസ്പരം ഉൾക്കൊള്ളലിന്റെയും സഹവർത്തിത്വത്തിന്റെയും വേദികളിലൂടെ കലാകാരന്മാർ അവരുടെ സർഗ്ഗ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തക അനു പാപ്പച്ചൻ കെ പി എ സി ലളിത അനുസ്മരണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ്, ഡോ പ്രഭാകരൻ പഴശ്ശി, ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യാനന്തര കേരളവും വികസനവും എന്ന വിഷയത്തിൽ ടി ശശിധരൻ, ജോണി എംഎൽ എന്നിവർ പ്രഭാഷണം നടത്തി.

മാർച്ച് 27ന് രാവിലെ 10ന് നടക്കുന്ന സെമിനാർ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീനാ ഫിലിപ്പ്, സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ ഡോ ടി കെ നാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലാമണ്ഡലം ക്ഷേമാവതി മുഖ്യാതിഥിയാകും. സംഗീത നാടക അക്കാദമി സെക്രട്ടറി ഇൻ ചാർജ്ജ് കെ ജനാർദ്ദനൻ, ഡോ പ്രഭാകരൻ പഴശ്ശി, ഡോ എം എൻ വിനയാകുമാർ എന്നിവർ പങ്കെടുക്കും. വിവിധ സംഗീത പരിപാടികളും നാടകവും അരങ്ങേറും.

Related Posts