തേക്കിൻകാട് ഫെസ്റ്റിവൽ ലോഗോ മന്ത്രി കെ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു
തൃശ്ശൂർ: ദുരിത കാലത്തും ഉത്സവവേദികള്‍ സജീവമാകുന്നത് കലാകാരന്മാര്‍ക്കെന്ന പോലെ കലാസ്വാദകര്‍ക്കും ഏറെ സഹായകമാണെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിക്കുന്ന തേക്കിന്‍കാട് ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ സാംസ്‌കാരിക നിലവാരം മെച്ചപ്പെടുത്താന്‍ കലകളെപ്പോലെ പ്രയോജനപ്രദമായ മറ്റൊരുപാധിയില്ല. നിയന്ത്രണങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഏറെ ആശ്വാസകരമാണെന്നും തേക്കിന്‍കാട് ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ബാലഭവനില്‍ നടന്ന ചടങ്ങില്‍ ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, ജവഹര്‍ ബാലഭവന്‍ മാനേജ്, കമ്മറ്റിയംഗം ഡോ. എം എന്‍ വിനയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് 26, 27 തിയ്യതികളില്‍ തേക്കിന്‍കാട്ടിലെ കെ പി എ സി ലളിത വേദിയിലാണ് സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, മെഗാക്വിസ് തുടങ്ങിയവ ഉള്‍പ്പെടുന്ന ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.