പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ സൂര്യ നായകനായേക്കുമെന്ന് റിപ്പോർട്ടുകൾ
സംവിധാനം ചെയ്ത് രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവ സംവിധായകരുടെ നിരയിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുയാണ് പൃഥ്വിരാജ്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായ ലൂസിഫറാണ് ആദ്യം സംവിധാനം ചെയ്തത്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ . പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് നടൻ സൂര്യ നായകനായെത്തുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.'ബിസ്കറ്റ് കിംഗ്' എന്നറിയപ്പെടുന്ന വ്യവസായി രാജൻ പിള്ളയുടെ ജീവചരിത്രമായിരിക്കും ചിത്രമെന്നും, സൂര്യ രാജൻ പിള്ളയായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമെന്നുമാണ് റിപ്പോർട്ട്. സൂര്യയുടെ കരിയറിലെ 43-ാമത്തെ ചിത്രമാണിത്. എന്നാൽ ഇതേപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇരുവരുടെയും ആരാധകർ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ മാസം താനും ഭാര്യ സുപ്രിയയും സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം സമയം ചെലവഴിക്കുന്ന ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. 2021 ൽ രാജൻ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി പൃഥ്വിരാജ് ഒരു ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുകയും കേന്ദ്ര കഥാപാത്രമായി എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഏതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.