യു പി ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ല
ഡൽഹി: യു പി ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്നും അത്തരം പദ്ധതി ആലോചനയിലില്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പേയ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്തുമ്പോഴുളള കമ്പനികളുടെ ചെലവിന് മറ്റ് മാർഗങ്ങൾ കണ്ടെത്തണം. യു പി ഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) സർവീസ് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വിശദീകരണം നൽകിയത്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യു പി ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് റിസർവ് ബാങ്ക് ഓഹരിയുടമകളുടെ അഭിപ്രായം തേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. "യു പി ഐ പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സമ്പദ് വ്യവസ്ഥക്ക് ഉൽപാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ പൊതു സേവനമാണ്. യു പി ഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ല," ധനമന്ത്രാലയം ഞായറാഴ്ച രാത്രി ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. സേവന ദാതാക്കൾ ചെലവ് കണ്ടെത്താനുള്ള വഴികൾ തേടുകയാണെങ്കിലും, ഫീസ് ഈടാക്കുന്നത് പരിഹാരമല്ല. ചെലവ് സംബന്ധിച്ച ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.