രാജി ആവശ്യത്തിൽ വിവാദമില്ല, കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്: ഗവർണർ
ന്യൂഡല്‍ഹി: സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യത്തിൽ ഒരു വിവാദവുമില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 11 വൈസ് ചാൻസലർമാരുടെ നിയമനം നിയമവിരുദ്ധമാണ്. വിസിമാരുടെ യോഗ്യതയിലല്ല, നിയമന രീതിയിലാണ് നിയമലംഘനം കണ്ടെത്തിയതെന്നും ഗവർണർ പറഞ്ഞു. നിസാര തർക്കങ്ങളിൽ ഏർപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസത്തിലും സാമൂഹിക പരിവർത്തനത്തിലും കേരളീയർ മുൻപന്തിയിലാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.