ഇടപാടുകാരൻ ഇല്ലാതെ അനാശാസ്യം നടക്കില്ല; കുറ്റം ബാധകമെന്ന് ഹൈക്കോടതി
കൊച്ചി: അനാശാസ്യ പ്രവര്‍ത്തന നിരോധന ആക്ട് പ്രകാരമുള്ള കുറ്റം, അനാശാസ്യകേന്ദ്രത്തിൽ എത്തുന്ന ഇടപാടുകാരനും ബാധകമാണെന്ന് ഹൈക്കോടതി. ആവശ്യക്കാർ പരിധിയിൽ വന്നില്ലെങ്കിൽ നിയമത്തിന്‍റെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിറക്കിയത്. എറണാകുളം രവിപുരത്ത് ആയുർവേദ ആശുപത്രിയുടെ മറവിൽ നടത്തിയ അനാശാസ്യ കേന്ദ്രത്തിൽ വെച്ച് പിടിയിലായ മൂവാറ്റുപുഴ സ്വദേശി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2007ൽ ഹർജിക്കാരനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള കുറ്റം ഇടപാടുകാരനായ തനിക്കെതിരെ നിലനിൽക്കില്ലെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ഇടപാടുകാരന്‍(കസ്റ്റമർ) എന്ന പദം നിയമത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം കോടതി തള്ളി. കസ്റ്റമറും നിയമത്തിൽ പരാമർശിച്ചിട്ടുള്ള 'വ്യക്തി'യുടെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക ചൂഷണം എന്നത് സ്വന്തമായി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ല. കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കുകയില്ല. കസ്റ്റമറും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് തന്നെയാണ് നിയമനിര്‍മാണ സമിതി ഉദ്ദേശിച്ചതെന്നും കോടതി വിലയിരുത്തി.